ആത്മവിദ്യാസംഘം രൂപവല്‍ക്കരണം – 1917

1917 ലോകചരിത്രത്തില്‍ ഒരു മഹത്തായ യുഗസന്ധ്യയെക്കുറിച്ച വര്‍ഷമായിരുന്നു. സോവിയറ്റ്‌ റഷ്യയില്‍ മഹാനായ ലെനിന്റെ നേതൃത്വത്തില്‍ മഹാവിപ്ലവം നടന്ന്‌ സാറിസ്റ്റ്‌ ഭരണകൂടത്തിനകത്ത്‌ ഒരു സോഷ്യലിസ്‌റ്റ്‌ ഭരണകൂടം ആദ്യം സ്ഥാപിതമായത്‌ ആ വര്‍ഷമായിരുന്നു. കാറല്‍മാര്‍ക്‌സിന്റെ സിദാന്തം മാനവരാശിയുടെ മോചനത്തിനുള്ള ഭൗതികചിന്താപദ്ധതിയാണല്ലോ! ഇന്ത്യയില്‍ രൂപംകൊണ്ട അദൈ്വതവേദാന്തത്തിന്റെ ആത്മസത്തകൂടി ഉള്‍ക്കൊണ്ട്‌ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അത്‌ മാനവരാശിക്ക്‌ സമത്വാധിഷ്‌ഠിതവും ധാര്‍മ്മികവുമായ ലോകം പടുത്തുയര്‍ത്താന്‍ സഹായകമാകും എന്ന്‌ വാഗ്‌ഭടാനന്ദന്‍ വിലയിരുത്തി. വേദാന്തത്തിന്റെ ദന്തഗോപുരത്തില്‍ ഒതുങ്ങിനിന്നല്ല, ജനമദ്ധ്യത്തിലിറങ്ങിച്ചെന്നാണ്‌ സേവനം അനുഷ്‌ഠിക്കേണ്ടത്‌ എന്ന ബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ പുതിയ വെളിച്ചമാണ്‌ വാഗ്‌ഭടാനന്ദനെ തന്റെ ആത്മീയവും ഭൗതികവുമായ ലക്ഷ്യസാക്ഷാത്‌കാരത്തിനുള്ള സംഘടന രൂപവല്‍ക്കരിക്കാന്‍ പ്രചോദനമായി വര്‍ത്തിച്ചത്‌. ഇതും 1917-ലായിരുന്നു. ഇന്ത്യയില്‍ അന്ന രാജാ റാംമോഹന്‍ റായ്‌, വിവേകാനന്ദന്‍, ആനിബനസന്റ്‌ തുടങ്ങിയവരുടെ ആത്മീയ പ്രബോധനങ്ങള്‍ ഇന്ത്യക്കാരെ അനാചരാങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തടവറയില്‍ നിന്ന്‌ ഉദ്ധരിക്കുകുയം ആത്മജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കൈപിടിച്ചു നയിക്കുകയും ചെയ്യുന്നകാലം. കേരളത്തില്‍ ശ്രീനാരായണഗുരുവിന്റേയും അന്ധവിശ്വാസങ്ങളുടെയും തടവറയില്‍ നിന്ന്‌ ഉദ്ധരിക്കുകയും ആത്മജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കൈപിടിച്ചു നയിക്കുകയും ചെയ്യുന്നകാലം. കേരളത്തില്‍ ശ്രീനാരായണഗുരുവിന്റേയും ബ്രഹ്മാനന്ദശിവയോഗിയുടെയും പ്രസ്ഥാനങ്ങളേയും ബ്രഹ്മസമാജം, ശ്രീരാമകൃഷ്‌ണമിഷന്‍ എന്നീ സംഘടനകളേയും ചട്ടമ്പി സ്വാമികളുടെ പ്രവര്‍ത്തനങ്ങളേയും അടുത്തു മനസ്സിലാക്കിയതിനുശേഷമാണ്‌ വാഗ്‌ഭടാനന്ദന്‍ “ആത്മവിദ്യാസംഘം” എന്ന തന്റെ ആത്മീയസംഘടന രൂപവല്‍ക്കരിച്ചത്‌. ആത്മാവല്ലാതെ മറ്റൊന്നും കാണപ്പെടേണ്ടതോ, കേള്‍ക്കപ്പെടേണ്ടതോ, ആലോചിക്കപ്പെടേണ്ടതോ ആയിട്ടില്ലെന്ന്‌ പ്രാചീന ഋഷികള്‍ ശങ്കയെന്യെ ഘോഷിച്ചിരുന്നല്ലോ.

“ആത്മാവാ! അരേ ! ദ്രഷ്ടവ്യഃ ശ്രോതവ്യോ മന്തവ്യോഃ നിധിദ്ധ്യാസിതവ്യഃ” (ബൃഹദാരണ്യകോപനിഷത്‌.)

ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വെക്കുന്നതോടൊപ്പംതന്നെ അനീതിയോടതിര്‍ക്കുക എന്ന കാര്യത്തില്‍കൂടി ഗുരുദേവന്‍ നിഷകര്‍ഷ പാലിച്ചിരുന്നു. സവര്‍ണ മേധാവിത്വത്തിന്റെ നീരാളി പിടിത്തത്തില്‍ നിന്നും അധഃസ്ഥിതവര്‍ഗത്തെ മോചിപ്പിച്ച്‌ അവരുടെ അന്തസ്സും അഭിമാനവും വീണ്ടെടുത്ത്‌ മനുഷ്യരാക്കി മാറ്റുക എന്നുള്ളതായിരുന്നു സംഘത്തിന്റെ പരമമായ ലക്ഷ്യം. കോഴിക്കോട്‌ ജില്ലയില്‍ വടകര താലൂക്കിലെ കാരക്കാട്ട്‌ (ഇന്നത്തെ നാദാപുരം റോഡ്‌) വച്ചായിരുന്നു. ഗുരുദേവരുടെ അനുയായികളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാരക്കാട്ടിലെ കര്‍മ്മധീരരായ കുന്നോത്ത്‌ കുഞ്ഞേക്കു ഗുരുക്കള്‍, കറപ്പയില്‍ കണാരന്‍ മാസ്‌്‌റ്റര്‍, ധര്‍മ്മധീരന്‍, കയ്യാലചേക്കു, പാലേരി ചന്തമ്മന്‍ എന്നിവരായിരുന്നു ആദ്യമായി സംഘം സ്ഥാപിക്കുന്നതിനുവേണ്ടി മുന്‍കൈ എടുത്തിരുന്നവര്‍.

സകല മതങ്ങളുടെയും മൂലതത്ത്വം ഏകമാണെന്നും കാലഹരണപ്പെട്ട ആചാരങ്ങളും ചടങ്ങുകളുമാണ്‌ പരസ്‌പര ഭിന്നതകള്‍ക്ക്‌ കാരണമെന്നും വാഗ്‌ഭടാനന്ദന്‍ ഉദ്‌ബോധിപ്പിച്ചു. ഇതേതുടര്‍ന്ന്‌ കേരളത്തിലെ പല ഭാഗങ്ങളിലുമായി സംഘം ശാഖകള്‍ ഉയര്‍ന്നുവന്നു. ജാതിമതഭേദമെന്യേ ആയിരക്കണക്കിന്‌ ആളുകള്‍ സംഘം പ്രവര്‍ത്തകരായി രംഗത്ത്‌ വന്നു.

സംഘം പ്രവര്‍ത്തനം ശക്തമായതോടെ യാഥാസ്ഥിതികര്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുവന്നു. സംഘം പ്രവര്‍ത്തകര്‍ക്ക്‌ തൊഴില്‍ നിഷേധിച്ചുകൊണ്ട്‌ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുക എന്നതായിരുന്നുഅവര്‍ ആദ്യം ചെയ്‌തത്‌. സവര്‍ണ്ണമേധാവികള്‍ നടത്തിവന്നിരുന്ന സ്‌കൂളുകളില്‍ സംഘം പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക്‌ പ്രവേശനം നിഷേധിക്കുകയും ചെയ്‌തു. ഇതിനെല്ലാം പരിഹാരം എന്ന നിലക്ക്‌ വാഗ്‌ഭടാനന്ദന്റെ ആശീര്‍വാദത്തോടെ തൊഴില്‍ നിഷേധിക്കപ്പെട്ടവര്‍ക്കായി കാരക്കാട്ട്‌ “ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്‌പര സഹായസഹകരണ സംഘവും” സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവര്‍ക്കുവേണ്ടി “ഐക്യനാണയസംഘം” എന്ന ധനകാര്യസ്ഥാപനവും തുടങ്ങുകയുണ്ടായി. ഇത്‌ യഥാക്രമം 1925, 1922 എന്നീ വര്‍ഷങ്ങളിലായിരുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സംഘം പ്രവര്‍ത്തകരുടെ മക്കള്‍ക്കായി കാരക്കാട്ട്‌ ആത്മവിദ്യാസംഘം എല്‍.പി.സ്‌കൂളും (1926-ല്‍) സംഘം തുടങ്ങി. ഈ സംഘങ്ങളാണ്‌ ഇന്ന്‌ “ഊരാളുങ്കല്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌” എന്ന പേരിലും വളര്‍ന്ന്‌ പന്തലിച്ചുനില്‍ക്കുന്നത്‌. ഇതേ തുടര്‍ന്ന്‌ കേരളത്തിന്റെ പല ഭാഗങ്ങളിലുമായി സംഘം പ്രവര്‍ത്തകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഗുരുദേവരുടെ നിര്‍ദ്ദേശാനുസരണം സ്‌കൂളുകള്‍ തുറക്കുകയുണ്ടായി. കോഴിക്കോട്‌ ചെറുവണ്ണൂരിലുള്ള ആത്മവിദ്യാസംഘം യു.പി.സ്‌കൂളും ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ കാട്ടില്‍ മാര്‍ക്കറ്റിലുള്ള ആത്മവിദ്യാസംഘം എല്‍.പി. സ്‌കൂളും ഇവയില്‍പ്പെട്ടതാണ്‌. താഴ്‌ന്നജാതിയില്‍പ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ്‌ ഗുരുദേവന്‍ സ്‌കൂളുകള്‍ തുറന്ന്‌ ‘അറിവാകുന്ന ആയുധം’ നേടാന്‍ വേണ്ടി സംഘം പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചത്‌. “അജ്ഞത അനീതിയിലേക്ക്‌ നയിക്കുന്നു. അനീതിയുള്ളപ്പോഴും നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത്‌. ആന്തം പൊരുതുക!” എന്ന ഗുരുദേവരുടെ നമ്പ്യാരായിരുന്നു സമസ്‌ത മലബാര്‍ ആത്മവിദ്യാസംഘത്തിന്റെ രക്ഷാധികാരി. തുടര്‍ന്ന്‌ തിരുവിതാംകൂറിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മധ്യതിരുവിതാംകൂര്‍ ആണ്‌ അതിന്റെ ശക്തമായ പ്രവര്‍ത്തനമേഖലയായി മാറിയത്‌. പ്രധാനമായും ആലപ്പുഴ ജില്ലയില്‍. ഈ ഭാഗങ്ങളിലായി സംഘത്തിന്റെ 43 ശാഖകള്‍ രജിസ്റ്റര്‍ ചെയ്‌തു പ്രവര്‍ത്തനമാരംഭിച്ചു. ഇത്രയും ശാഖകള്‍ തന്നെ മലബാര്‍ മേഖലയിലും രജിസ്റ്റര്‍ ചെയ്‌ത്‌ പ്രവര്‍ത്തിച്ചുവരുന്നു. തിരുവിതാംകൂറും, മലബാറും യോജിച്ച്‌ ഒരു സംഘമായി കേരള ആത്മവിദ്യാസംഘം എന്ന പേരില്‍ പിന്നീട്‌ പ്രവര്‍ത്തനമാരംഭിച്ചു. പ്രസ്‌തുത സംഭവത്തിന്‌ മുന്‍കൈയെടുത്ത ധീരാത്മാക്കളേയും നമുക്കിവിടെ സ്‌മരിക്കേണ്ടതായിട്ടുണ്ട്‌. കേരള അടിസ്ഥാനത്തില്‍ ‘കേരള ആത്മവിദ്യാസംഘം’ എന്ന പേരിലും ശാഖകള്‍ അതത്‌ സ്ഥലപ്പേരിലുമാണ്‌ ഇന്ന്‌ അറിയപ്പെടുന്നത്‌. സംഘാദര്‍ശപ്രചാരണത്തിനായി ഒരു മുഖപത്രം അനിവാര്യമാണെന്ന്‌ തോന്നിയതിന്റെ ഫലമായി 1921-ല്‍ അഭിനവകേരളം എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. ‘ഉണരുവിന്‍ ! അഖിലേശനെ സ്‌മരിപ്പിന്‍ ! ക്ഷണമെഴുന്നേല്‍പ്പിന്‍, അനീതിയോടെതിര്‍പ്പിന്‍ !’ എന്നതായിരുന്നു മാസികയുടെയും സംഘത്തിന്റെയും മുഖസൂക്തം.

ഹരിജനങ്ങളെയും ഇതരസമുദായങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മിശ്രഭോജനങ്ങള്‍, മദ്യവര്‍ജ്ജനം, അനാചാര ദുരീകരണം, എന്നിവ ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തന പരിപാടിയായി മാറി. സമൂഹത്തില്‍ പ്രത്യേകിച്ച്‌ താഴ്‌ന്നജാതിക്കാരുടെയിടയിലും അധഃകൃതരിലും നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേ ശക്തമായ പ്രവര്‍ത്തനം സംഘം നടത്തി. വിവാഹച്ചടങ്ങുകളും മരണാനന്തരക്രിയകളുമായി ബന്ധപ്പെട്ട ഏറ്റുമാറ്റു സമ്പ്രദായങ്ങള്‍ യുക്തിഹീനമായ ആചാരങ്ങളായി അധഃപതിക്കുകയും തന്മൂലം പാവപ്പെട്ട കുടുംബങ്ങളെ കടബാധ്യതയില്‍ തള്ളിവിടുകയും ചെയ്‌തിരുന്നു. ഇവയില്‍ പലതിനേയും പരിഷ്‌കരണസമൂഹത്തിനിണങ്ങുംവിധം നവീകരിക്കുകയും ചിലത്‌ നിര്‍ത്തലാക്കുകയും ചെയ്‌തു. താലികെട്ട്‌ കല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങള്‍ പരിപൂര്‍ണമായി തുടച്ചുമാറ്റാന്‍ ആത്മവിദ്യാസംഘത്തിന്‌ സാധിച്ചു. വിവാഹവേളയിലെ അനാവശ്യചടങ്ങുകള്‍ വെട്ടിച്ചുരുക്കി, അധികച്ചെലവുകള്‍ ഒഴിവാക്കി, മരണാനന്തരക്രിയകളും അതോടനുബന്ധിച്ച്‌ രണ്ടാഴ്‌ചയോളം ആചരിച്ചുവന്ന ‘പുല’ എന്നതും അനാചാരങ്ങളാണെന്ന്‌ ബോധ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ട ക്രിയകളെ ലളിതമാക്കുകയും ചടങ്ങുകള്‍ കേവലം പ്രാര്‍ത്ഥനകളിലൊതുക്കുകയുമാണ്‌ വാഗ്‌ഭടാനന്ദന്‍ ചെയ്‌തത്‌. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആ കാലത്ത്‌ പൊതുവഴികളിലൂടെ ഹരിജനങ്ങളെയും കൂട്ടി ജാഥ നയിച്ചു. അധഃകൃതര്‍ എന്നുവിളിച്ച്‌ അവഗണിച്ചുപോന്ന വിഭാഗത്തിനും മറ്റുള്ളവരെപ്പോലെ വഴിനടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്‌ സംഘം പ്രവര്‍ത്തനം മൂലമാണ്‌. ക്ഷേത്രാങ്കണങ്ങളിലെ ‘ജന്തുബലി’ യുടെ നിര്‍മാര്‍ജ്ജനവും ആത്മവിദ്യാസംഘത്തിന്റെ ദൗത്യനിര്‍വഹണ രംഗങ്ങളായിരുന്നു.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്‌ വളര്‍ന്നുവന്ന മൃഗബലി, കോലംതുള്ളല്‍, തെയ്യാട്ടം, ബിംബാരാധന, മന്ത്രവാദം തുടങ്ങിയ അനുഷ്‌ഠാനങ്ങള്‍ക്കെതിരേ തന്റെ പത്രമായ ‘ശിവയോഗി വിലാസ’ത്തിലൂടെ വാഗ്‌ഭടാനന്ദന്‍ സിംഹഗര്‍ജ്ജനം മുഴക്കിയിരുന്നു. തീണ്ടലിനും തൊട്ടുകൂടായ്‌മയ്‌ക്കും ജാതിഭേദത്തിനും വളരാന്‍ പറ്റിയ വളക്കൂറുള്ള മണ്ണായിരുന്നു ക്ഷേത്ര പരിസരങ്ങള്‍. അവിടെ നിന്നാണ്‌ ഇവ വ്യക്തിജീവിതത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും പടരുന്നത്‌. സമത്വവും സാഹോദര്യവും നിഷേധിക്കപ്പെടുന്ന ഇടമായി ക്ഷേത്രങ്ങള്‍ മാറി. ബ്രാഹ്മണീയ പൗരോഹിത്യത്തിന്റെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറി. ഈ നിലയിലാണ്‌ ക്ഷേത്രങ്ങളേയും വിഗ്രഹാരാധനയേയും വാഗ്‌ഭടാനന്ദന്‍ നിഷേധിച്ചത്‌. ദൈവവിശ്വാസത്തെ അദ്ദേഹം നിരാകരിക്കുന്നില്ല. അദൈ്വതസിദ്ധാന്തത്തില്‍ വിഗ്രഹാരാധനയ്‌ക്കും ക്ഷേത്രങ്ങള്‍ക്കും സ്ഥാനമില്ലെന്ന്‌ വാഗ്‌ഭടാനന്ദന്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ഏകേശ്വരവിശ്വാസത്തിലധിഷ്‌ഠിതമായ പ്രാര്‍ത്ഥനയും ധ്യാനവും സംഘത്തിന്റെ ആചാരമായി നവീകരിച്ചു.

വടക്കെ മലബാറില്‍ പുല്ലഞ്ചേരി ഇല്ലത്ത്‌ വലിയ മാധവന്‍ നമ്പൂതിരിപ്പാട്‌, മട്ടന്നൂരിലുള്ള മധുസൂദനന്‍ തങ്ങള്‍, കല്യാട്ട്‌ താഴത്ത്‌ ചാത്തുക്കുട്ടി നമ്പ്യാര്‍, കൂടാളി താഴത്ത്‌ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, പ്രമുഖ അഭിഭാഷകനായിരുന്ന കെ.ടി.ചന്തു നമ്പ്യാര്‍, കെ.എം.കെ.നായര്‍, കെ.പി.രാഘവന്‍ നായര്‍, വി.പി.നാരായണന്‍ നമ്പ്യാര്‍ കടത്തനാട്ട്‌ മാധവിയമ്മ, പനക്കല്‍ രാഘവന്‍ എന്നീ മഹത്‌ വ്യക്തികള്‍ സംഘത്തിന്റെ സജീവ പ്രവര്‍ത്തകരായി രംഗത്ത്‌ വരികയുണ്ടായി. തിരുവിതാംകൂര്‍-കൊച്ചി പ്രദേശങ്ങളില്‍ കലവറ നാരായണപ്പിള്ള, തോപ്പില്‍ ശങ്കരപ്പിള്ള, സമുദായത്തില്‍ മാധവനുണ്ണിത്താന്‍, കൈനിക്കര എം.പത്മനാഭപിള്ള, അമ്പലപ്പുഴ അഴിക്കകത്ത്‌ ആണ്ടി അരചന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഗുരുദേവന്റെ ശിഷ്യത്വം സ്വീകരിച്ച്‌ പ്രവര്‍ത്തനരംഗത്ത്‌ ഇറങ്ങുകയുണ്ടായി. സ്വാമി ആര്യഭടന്‍, സ്വാമി സമന്തഭദ്രന്‍, സ്വാമി ബ്രഹ്മവ്രതന്‍ എന്നീ ഗുരുദേവശിഷ്യന്മാര്‍ ആത്മവിദ്യാ പ്രബോധകരെന്ന നിലയില്‍ നിര്‍വ്വഹിച്ച പങ്ക്‌ അനര്‍ഘങ്ങളാണ്‌.