1885 ഏപ്രില്‍ 27-ന്‌ (കൊല്ലവര്‍ഷം 1060 മേടം പതിനാലാം തീയതി) വടക്കെ മലബാറില്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കും കൂത്തുപറമ്പിനുമിടയ്‌ക്ക്‌ പ്രകൃതിമനോഹരമായ പാട്യം ഗ്രാമത്തിലാണ്‌ വാഗഭടാനന്ദഗുരുവിന്റെ ജനനം. കേരളീയ സംസ്‌കാരപാരമ്പര്യത്തിന്റെ ഉള്‍ത്തുടിപ്പുള്‍ക്കൊണ്ട പാട്യം സമ്പന്നമായ പൈതൃകങ്ങളുടെ വിളഭൂമിയായിരുന്നു

വയലേരി ചീരുഅമ്മയുടെയും തേനന്‍കണ്ടി വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും സീമന്തപുത്രനായിട്ടാണ്‌ ഗുരുദേവന്റെ ജനനം. ജന്മനാതന്നെ അതിതേജസ്വിയായിരുന്ന കുഞ്ഞിന്‌, കുഞ്ഞിക്കണ്ണന്‍ എന്ന്‌ നാമകരണം ചെയ്യപ്പെട്ടു. സംസ്‌കൃതത്തിലും വൈദ്യത്തിലും പണ്ഡിതനും പുരോഗമന ചിന്താശീലനും അനാചാരങ്ങളോട്‌ എതിര്‍പ്പുള്ള ആളുമായിരുന്ന പിതാവിന്റെ കീഴിലാണ്‌ കുഞ്ഞിക്കണ്ണന്‍ ബാല്യകാല വിദ്യാഭ്യാസം നടത്തിയത്‌. പിതാവില്‍ നിന്ന്‌ സംസ്‌കൃതത്തില്‍ കാവ്യ, നാടകാദികള്‍ ഹൃദിസ്ഥമാക്കിയതിനുപുറമെ ആത്മീയകാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അനന്യസാധാരണമായ കാഴ്‌ചപ്പാടും കുഞ്ഞിക്കണ്ണന്‍ സ്വായത്തമാക്കിയിരുന്നു. അസാമാന്യമായ ബു്‌ദ്ധിശക്തിയും അന്യാദൃശ്യമായ സ്‌മൃതിവൈഭവവും ചെറുപ്പത്തിലേ പ്രകടമാക്കിയ കുഞ്ഞിക്കണ്ണന്‍ 12-ാം വയസ്സില്‍ തന്നെ സംസ്‌കൃതാധ്യാപനത്തില്‍ പിതാവിനെ സഹായിച്ചുപോന്നു. തന്നെക്കാള്‍ മുതിര്‍ന്നവരായിരുന്നു പല ശിഷ്യന്മാരും. “വൃദ്ധോ ശ്‌ഷ്യഃ ഗുരോര്‍യുവാ” എന്ന വചനം അന്വര്‍ത്ഥമാക്കുമാറ്‌ അധ്യാപനം നടത്തിയ കുഞ്ഞിക്കണ്ണന്‍ വി.കെ. ഗുരുക്കള്‍ എ്‌ന്ന പേരില്‍ പ്രശസ്‌തനായിത്തീര്‍ന്നു. സംസ്‌കൃത ഭാഷയില്‍ പുകള്‍പെറ്റ ഒട്ടേറെ പണ്ഡിതന്മാര്‍ അക്കാലത്ത്‌ വടക്കെ മലബാറില്‍ ഉണ്ടായിരുന്നു. മേലൂട്ട്‌ കണ്ണന്‍ ഗുരുക്കള്‍, പാരമ്പത്ത്‌ രൈരുനായര്‍, കടത്തനാട്ട്‌ കൃഷ്‌ണവാര്യര്‍, വായത്തസ്വാമി എന്ന കണ്ണന്‍ ഗുരുക്കള്‍, എം.കെ. ഗുരുക്കള്‍ തുടങ്ങി നിരവധിപേര്‍.

അച്ഛനില്‍ നിന്നും പകര്‍ന്നുകിട്ടിയ കാവ്യസംസ്‌കാരവും ദ്രുതകവനപാടവവും കുഞ്ഞിക്കണ്ണന്‍ സ്വയം വളര്‍ത്തിയെടുത്തു. മഹാപണ്ഡിതനായ പാലക്കാട്‌ വിക്ടോറിയ കോളേജിലെ മലയാളം അധ്യാപകന്‍ പാരമ്പത്ത്‌ രൈരുനായര്‍ കുഞ്ഞിക്കണ്ണന്റെ ഗുരുനാഥനായിരുന്നു. കുഞ്ഞിക്കണ്ണന്റെ അസാമാന്യമായ പ്രതിഭാവിലാസം കണ്ട്‌ രൈരുനായര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. “കുഞ്ഞിക്കണ്ണന്‌ ഒന്നും പുതുതായി പഠിക്കേണ്ടതില്ല. ഓര്‍മ്മിക്കുകയേ വേണ്ടൂ” എന്ന്‌ രൈരുനായര്‍ അഭിപ്രായപ്പെടുകയുണ്ടായി. ശ്രീനാരായണഗുരുവും ഇതേ അഭിപ്രായം തന്നെയാണ്‌ കുഞ്ഞിക്കണ്ണനെപ്പറ്റി പിന്നീട്‌ പറഞ്ഞത്‌. തത്ത്വശാസ്‌ത്രത്തിന്റെയും പാണ്ഡിത്യത്തിന്റെയും വാഗ്മിത്വത്തിന്റെയും ആയുധമണിഞ്ഞ ഈ ബാലഗുരുവിന്റെ ഭാവിയെപ്പറ്റി അവര്‍ക്കാര്‍ക്കുംതന്നെ സംശയമുണ്ടായിരുന്നില്ല. തര്‍ക്കശാസ്‌ത്രത്തില്‍ അവഗാഹമില്ലാതിരുന്ന കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ മരക്കാട്ടേരി കോരന്‍ ഗുരുക്കള്‍ അഥവാ എം.കെ. ഗുരുക്കള്‍ എന്ന തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിലെ ഭാഷാധ്യാപകന്റെ ശിഷ്യത്വം സ്വീകരിച്ച്‌ തര്‍ക്കശാസ്‌ത്രത്തില്‍ പാടവം നേടുകയുണ്ടായി.

സംസ്‌കൃത വിദ്യാഭ്യാസത്തെ കേവലം ഭാഷാപരമായ അഭ്യാസമെന്നതിലേറെ അതിലെ അമൂല്യങ്ങളായ തത്ത്വദര്‍ശനങ്ങളും വേദേതിഹാസങ്ങളും സ്വായത്തമാക്കുന്നതിനുള്ള ഒരു സുവര്‍ണ്ണോപാധിയായിട്ടാണ്‌ ഗുരുക്കള്‍ സമീപിച്ചിരുന്നത്‌. ഏകേശ്വരവിശ്വാസിയായ പിതാവില്‍ നിന്നും മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും മൂലതത്ത്വങ്ങളും പതിനഞ്ചുവയസ്സാകുമ്പോഴേക്കുതന്നെ ഗുരുദേവന്‍ ഗ്രഹിച്ചുകഴിഞ്ഞിരുന്നു. സംസ്‌കൃതഭാഷയില്‍ ഉള്ള അഗാധമായ പരിജ്ഞാനം വേദങ്ങളിലേക്കും ഉനിഷത്തുകളിലേക്കുമുള്ള പര്യടനം സുഗമമാക്കിത്തീര്‍ത്തു. സംസ്‌കൃതഭാഷയെത്തന്നെ ഹൈന്ദവദര്‍ശനത്തിന്റെ രസനയായാണ്‌ അദ്ദേഹം കണ്ടത്‌.

16 വയസ്സ്‌ ആയപ്പോഴേക്കും യുക്തിക്കും ബുദ്ധിക്കും നിക്കാത്ത എല്ലാറ്റിനേയും അദ്ദേഹം ചോദ്യം ചെയ്‌തു. നൂറ്റാണ്ടുകളായി മനുഷ്യമനസ്സിലും സമൂഹത്തിലും വേരൂന്നിയ അന്ധിവിശ്വാസങ്ങളേയും അനാചാരങ്ങളേയും വെല്ലുവിളിച്ചു. ധിക്കരിച്ചു. ആ ധിക്കാരം സാമൂഹ്യ മാറ്റത്തിന്‌ വേണ്ടിയുള്ള ധിക്കാരമായിരുന്നു. യാഥാസ്ഥിതികര്‍ പടുത്തുയര്‍ത്തിയ ദുരാചാരങ്ങളെയായിരുന്നു ഗുരുക്കള്‍ ആദ്യമായി ചെറുത്തത്‌. ഒരര്‍ത്ഥത്തില്‍ ലോകത്തിലെ എല്ലാ മഹാത്മാക്കളും ധിക്കാരികളായിരുന്നു എന്നു പറയാം. ശ്രീബുദ്ധനും ആദിശങ്കരനും ്‌ക്രിസ്‌തുവും മുഹമ്മദ്‌ നബിയും കാറല്‍മാര്‍ക്‌സും സോക്രട്ടീസും ഒക്കെ ഈ പട്ടികയില്‍ പെടുന്നവയായിരുന്നു.

പഠിച്ചും പഠിപ്പിച്ചും സ്വദേശത്ത്‌ കഴിയുന്ന കാലത്ത്‌തന്നെ ഒടുങ്ങാത്ത വിജ്ഞാനദാഹിയായിരുന്നു. ഒരു ഗ്രന്ഥം കൈയില്‍ കിട്ടിയാല്‍ ദാഹിച്ചുവലയുന്നവന്‌ ലഭിച്ച ഒരു കുടം തണ്ണീര്‍പോലെ ഉടനെ അകത്താക്കും. ഒരു പ്രാവശ്യം വായിച്ചുകഴിഞ്ഞാല്‍ എല്ലാം ഹൃദിസ്ഥം. വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും ഗൗരവബുദ്ധിയോടെ വായിച്ചു പഠിച്ചു. ഗ്രന്ഥതീര്‍ത്ഥങ്ങള്‍ നേടിപ്പോവുക, ഗ്രന്ഥങ്ങള്‍ വരുത്തിവായിക്കുക എന്നിവയില്‍ പ്രത്യേകം താല്‌പര്യം കാണിച്ചു. ഗ്രന്ഥങ്ങള്‍ തേടിയുള്ള യാത്രയില്‍ ഗുരുദേവര്‍ക്ക്‌ വിവിധ തട്ടുകളിലുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞു എന്നതും വലിയ അനുഭവമായി. ഈ കാലത്തുതന്നെ പാനൂരിനടുത്തുള്ള പത്തായക്കുന്ന്‌, മൊകേരി, പാനൂര്‍ എന്നിവിടങ്ങളിലായി ഗുരുദേവന്‍ സംസ്‌കൃതപാഠശാലകള്‍ നടത്തിയിരുന്നു. പില്‍ക്കാലത്ത്‌ കോഴിക്കോട്‌ കാരപ്പറമ്പില്‍ തത്ത്വപ്രകാശിക എന്ന പേരില്‍ സംസ്‌കൃത പാഠശാല തുടങ്ങാനുണ്ടായ പ്രചോദനവും ഇതുതന്നെയായിരുന്നു അധ്യാപനത്തോടൊപ്പം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മദ്യത്തിനുമെതിരായി നടത്തിവന്ന പ്രവര്‍ത്തനങ്ങളും ധാര്‍മ്മികപ്രഭാഷണങ്ങളും അക്കാലത്തുതന്നെ ഗുരുക്കളുടെ പ്രശസ്‌തി വടക്കെ മലബാറിലുടനീളം പരത്തിക്കഴിഞ്ഞിരുന്നു.

പില്‍ക്കാലത്ത്‌ 1906-ല്‍ ഗുരുക്കള്‍ തന്റെ പ്രവര്‍ത്തനകേന്ദ്രം കോഴിക്കോട്‌ കാരപ്പറമ്പിലേക്ക്‌ മാറ്റുകയുണ്ടായി. കോഴിക്കോട്‌ നിന്നും പാട്യത്തെത്തിയ ചിലര്‍ ഗുരുക്കളുടെ പാണ്ഡിത്യവും വാഗ്‌വിലാസവും കണ്ട്‌ ആകൃഷ്ടരായി അദ്ദേഹത്തെ കോഴിക്കേട്ടേക്ക്‌ ക്ഷണിക്കുകയായിരുന്നു. ആ യാത്ര കേരള സംസ്‌കാരികചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. കാരപ്പറമ്പിലെത്തിയ അദ്ദേഹം ഭഗവദ്‌ഗീതയിലെ ധ്യാനശ്ലോകങ്ങളില്‍ ഒന്നായ ‘പാര്‍ത്ഥായ പ്രതിബോധിതാം’ എന്ന ശ്ലോകത്തിന്റെ വ്യാഖ്യാനമായിരുന്നു അദ്യമായി നടത്തിയത്‌. പ്രസംഗത്തിലും പാണ്ഡിത്യത്തിലും മുഗ്‌ദ്ധരായ തദ്ദേശീയരുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ തത്ത്വപ്രകാശിക ആശ്രമം എന്ന സംസ്‌കൃതപാഠശാല (1906) ആരംഭിച്ചതും ആര്‍ഷധര്‍മ്മങ്ങളുടെ പ്രചാരണത്തില്‍ ഗുരുദേവന്‍ വ്യാപൃതനായതും. കാരപ്പറമ്പില്‍ ആരംഭിച്ച ഈ വിദ്യാലയം പില്‍ക്കാലത്ത്‌ തിരുക്കൊച്ചി പ്രദേശങ്ങളുടെയും സംസ്‌കൃതവിദ്യാകേന്ദ്രമായി മാറി.

കാരപ്പറമ്പില്‍ തന്റെ പ്രവര്‍ത്തനമാരംഭിച്ച കാലത്ത്‌ ബംഗാളില്‍ രാംമോഹന്‍ റായി സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ സാമൂഹിക പരിഷ്‌കരണസംരംഭങ്ങള്‍ കോഴിക്കോട്ടും തുടങ്ങിക്കഴിഞ്ഞിരുന്നു. 1898-ല്‍ ബ്രഹ്മസമാജം ആദ്യമായി കേരളത്തില്‍ കോഴിക്കോട്ട്‌ ആരംഭിച്ചത്‌ ഡോ. അയ്യത്താന്‍ ഗോപാലന്‍ (പരേതനായ ശ്രീ. സുജനപാല്‍, മുന്‍ എം.എല്‍.എ. യുടെ പിതൃസഹോദരന്‍) എന്ന മഹദ്‌ വ്യക്തിയായിരുന്നു. സംസ്‌കൃതപണ്ഡിതനും യോഗീവര്യനുമായ കാരാട്ട്‌ ഗോവിന്ദമേനോന്‍ ആണ്‌ ഏകേശ്വര വിശ്വാസത്തിലധിഷ്‌ഠിതമായ പ്രാര്‍ത്ഥനകള്‍ രചിച്ച്‌ ശ്രീ. അയ്യത്താന്‍ ഗോപാലന്‌ നല്‍കിയതും സഹായിച്ചതും. ബ്രഹ്മസമാജത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ ശ്രീ. ഗോവിന്ദമേനോന്‍ ജാതി, വിഗ്രഹാരാധനാദി വിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഡോ. ഗോപാലനാണ്‌ ഇദ്ദേഹത്തിന്‌ ‘ബ്രഹ്മാനന്ദ സ്വാമികള്‍’ എന്ന്‌ നാമകരണം ചെയ്‌തത്‌. ഡോ. അയ്യത്താന്‍ ഗോപാലനും ബ്രഹ്മാനന്ദസ്വാമിയും വി.കെ. ഗുരുക്കളും തമ്മിലുള്ള ബന്ധം കേരളത്തില്‍ ധാര്‍മികരംഗത്ത്‌ ഒരു നവോത്ഥാനത്തിന്റെ കാരകശക്തിയായി വളര്‍ന്നു. 1910-ല്‍ കോഴിക്കോട്ട്‌ ടൗണ്‍ഹാളില്‍ വച്ചാണ്‌ ബ്രഹ്മാനന്ദസ്വാമിയുടെ യോഗവിദ്യയെപ്പറ്റിയുള്ള പ്രഭാഷണം ഗുരുക്കള്‍ കേള്‍ക്കാന്‍ ഇടയായത്‌. തുടര്‍ന്ന്‌ സ്വാമിയെ മുന്‍നിര്‍ത്തിക്കൊണ്ട്‌ രാജയോഗസിദ്ധാന്തത്തെപ്പറ്റിയുള്ള വിപുലമായ ആശയ പ്രചാരണ യജ്ഞങ്ങളാണ്‌ ഗുരുക്കള്‍ നടത്തിയത്‌

1911-ല്‍ കോഴിക്കോട്‌ കല്ലായിയില്‍ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചുകൊണ്ട്‌ ഗുരുക്കള്‍ ചെയ്‌ത പ്രസംഗങ്ങള്‍ ധാരാളം പേരെ ആകര്‍ച്ചു. തുടര്‍ന്ന്‌ നടക്കാവില്‍ ആരംഭിച്ച യോഗശാലയില്‍ ഭഗവദ്‌ഗീതയെ അധികരിച്ച്‌ മൂന്ന്‌ മാസം നീണ്ടുനിന്ന ഒരു ജ്ഞാനയജ്ഞവും നടത്തപ്പെട്ടു. കേരളത്തിലെ ആദ്ധ്യാത്മിക പ്രഭാഷണരംഗത്ത്‌ നടന്ന ആദ്യത്തെ യജ്ഞമായിരുന്നു അത്‌. സര്‍വോപനിഷദ്‌സാരമായ ഭഗവദ്‌ഗീതയെ തദനുസൃതമായി വ്യാഖ്യാനിച്ചപ്പോള്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എതിര്‍വാദങ്ങളുമായി മുന്നോട്ട്‌ വന്നു. ദൂരദേശങ്ങളില്‍ നിന്നുപോലും യാദാസ്ഥിതിക പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്നുവെങ്കിലും അവരെല്ലാം ഗുരുദേവന്റെ പ്രസംഗങ്ങള്‍ കേട്ട്‌ അത്ഭുതപ്പെടുകയോ പരാജയപ്പെടുകയോ പരാജയം ഏറ്റുവാങ്ങി മടങ്ങുകയോ ചെയ്‌തു. മഹാഭാരതം, രാമായണം തുടങ്ങി ഇതിഹാസകാവ്യങ്ങളെപ്പറ്റി അക്കാലത്ത്‌ കോഴിക്കോട്ടെ വെസ്‌റ്റ്‌ ഹില്ലിലും ചെറുവണ്ണൂരിലും മറ്റും നടത്തപ്പെട്ട പ്രഭാഷണ പരമ്പരകള്‍ ജനങ്ങള്‍ക്ക്‌ പുതിയ ദര്‍ശനം നല്‍കുന്നവയായിരുന്നു. 1912-ല്‍ കൊട്ടിയൂര്‍ അന്ധവിശ്വാസത്തിനെതിരേ പ്രസംഗ പരമ്പരതന്നെ നടത്തുകയുണ്ടായി. ചാവക്കാട്‌, പൊന്നാനി, വടകര, കണ്ണൂര്‍ തുടങ്ങി മലബാറിലുടനീളം ഗുരുക്കളുടെ പ്രഭാഷണങ്ങള്‍ നിത്യസംഭവങ്ങളായിത്തീര്‍ന്നു. 1914-ല്‍ ഗുരുക്കളുടെ പ്രഭാഷണത്തിലും ദിഗ്വിജയത്തിലും സന്തുഷ്ടനായ ബ്രഹ്മാനന്ദസ്വാമികള്‍ ‘വാഗ്‌ഭടാനന്ദന്‍’ എന്ന നാമം നല്‍കി അഭിനന്ദിച്ചു.

സരസ്വതീസദ്‌ഭടനായി വാക്കിനാല്‍ സദസ്സിലാനന്ദമതീവ ചേര്‍ക്കയാല്‍
സുവാഗ്‌ഭടാനന്ദ വിശേഷ സംജ്ഞയെ
സുഖേന കൈക്കൊള്‍ക! ജയിക്ക! മംഗളം!
എന്ന ശ്ലോകം ചൊല്ലിക്കൊണ്ടാണ്‌ ബ്രഹ്മാനന്ദ സ്വാമികള്‍ ഗുരുദേവനെ അഭിനന്ദിച്ചത്‌.

പത്രപ്രവര്‍ത്തകനായ ഗുരുദേവന്‍

അനുദിനം വികസ്വരമായിവന്ന സാമൂഹിക, മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടത്ര പ്രചാരണവും പ്രസിദ്ധീകരണവും ലഭിക്കുന്നില്ലെന്ന വസ്‌തുത മുന്‍നിര്‍ത്തി വാഗ്‌ഭടാനന്ദന്‍ പത്രപ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നുവന്നു. 1914 മാര്‍ച്ചില്‍ ശിവയോഗി വിലാസം എന്ന പേരില്‍ ഒരു മാസിക കോഴിക്കോട്ട്‌ നിന്നു ആരംഭിച്ചു. 1914 മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ ഈ ആവശ്യാര്‍ത്ഥം വാഗ്‌ഭടാനന്ദന്‍ മംഗലാപുരം മുതല്‍ ചെന്നൈ വരെ ഒരു പ്രസംഗ പര്യടനം നടത്തുകയുണ്ടായി. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പി. അച്യുതന്‍ വക്കീലിന്റെ സഹോദരന്‍ പി. സ്വാമിയും ഗുരുദേവനെ അനുഗമിച്ചിരുന്നു. പര്യടനം ഒരു വമ്പിച്ച വിജയമായിരുന്നു. മദിരാശിയില്‍ ഹൈക്കോടതി ജഡ്‌ജിയായിരുന്ന സര്‍.സി. ശങ്കരന്‍ നായരുമായി ദീര്‍ഘചര്‍ച്ചകള്‍ നടത്തുകയുണ്ടായി. വാഗ്‌ഭടാനന്ദന്റെ പാണ്ഡിത്യത്തിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായി സര്‍.സി.ശങ്കരന്‍ നായരും മദിരാശി മലയാളി സമാജത്തിന്റെ നേതാക്കളും ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ പല സമ്മേളനങ്ങളിലും ഗുരുദേവന്‍ പ്രസംഗിക്കുകയുണ്ടായി. തുടര്‍ന്ന്‌ അഭിനവകേരളം (1921), ആത്മവിദ്യാ കാഹളം (1929), യജമാനന്‍ (1939) എന്നീ മാസികകള്‍ ആരംഭിക്കുകയും അജ്ഞതയ്‌ക്കും അന്ധതയ്‌ക്കുമെതിരേ ആഞ്ഞടിക്കുകയും ചെയ്‌തു.

ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്‌ച

ആദ്ധ്യാത്മിക, സാംസ്‌കാരിക രംഗത്ത്‌ വാഗ്‌ഭടാനന്ദഗുരുവിന്റെ പ്രഭാവം ഒരാലക്തിക ശക്തിപോലെ പ്രസരിച്ചിരുന്ന കാലത്ത്‌ 1914 മെയ്‌ മാസം 14 ന്‌ വാഗ്‌ഭടാനന്ദഗുരുദേവന്‍ ശ്രീനാരായണഗുരുവിനെ ആലുവായിലെ അദൈ്വതാശ്രമത്തില്‍ പോയി സന്ദര്‍ശിക്കാന്‍ ഇടയായി. ഒരു ആഗ്രഹത്തിന്റെ നിര്‍വഹണം കൂടിയായിരുന്നു അത്‌. ആലുവായില്‍ ശ്രീനാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അദൈ്വതദര്‍ശനത്തെ സംബന്ധിച്ച്‌ വാഗ്‌ഭടാനന്ദഗുരു ഉ്‌ജ്ജ്വലമായ പ്രഭാഷണം നടത്തുകയുണ്ടായി. സമ്മേനാനന്തരം വാഗ്‌ഭടാനന്ദന്‍ അങ്ങുനിന്ന്‌ എല്ലാം പഠിച്ചതിനുശേഷം അവ ഓര്‍മ്മിക്കുവാന്‍ വേണ്ടി ഇങ്ങോട്ട്‌ വന്ന ആളാണ്‌. എന്നത്രേ നാരായണഗുരു അഭിപ്രായപ്പെട്ടത്‌. ശ്രീനാരായണഗുരുവും വാഗ്‌ഭടാനന്ദഗുരുവും തമ്മില്‍ നടന്ന ദീര്‍ഘമായ സംഭാഷണം ശിവയോഗിവിലാസം മാസികയില്‍ പ്രസിദ്ധീകരിച്ചതിന്റെ ഒരു ചെറിയ ഭാഗം ഇവിടെ ഉദ്ദരിക്കുന്നു.

വാഗ്‌ഭടാ : സ്വാമി അദൈ്വതിയാണല്ലോ? അതുകൊണ്ടാണ്‌ അങ്ങയെ സന്ദര്‍ശിക്കണമെന്ന്‌ കുറച്ചുകാലമായി ആഗ്രഹിക്കുന്നത്‌. അതിനുള്ള ഭാഗ്യം ഇപ്പോഴാണ്‌ ഉണ്ടായത്‌! ശ്രീനാരായണ : അതെ, നാം അദൈ്വതി തന്നെ. ഗുരുക്കളും അദൈ്വതിയല്ലേ? അപ്പോള്‍ നാം ഒന്നാകുന്നു. വാഗ്‌ഭടാ : അങ്ങ്‌ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്‌ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ. അദൈ്വതവും അതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും? ശ്രീനാരാ : ജനങ്ങള്‍ സൈ്വരവും തരണ്ടേ? അവര്‍ക്ക്‌ ക്ഷേത്രം വേണം. പിന്നെ കുറെ ശുചിത്വമെങ്കിലും ഉണ്ടാകുമല്ലോ എന്ന്‌ നാം വിചാരിച്ചു. വാഗ്‌ഭടാ : അങ്ങ്‌ ഒരാചാര്യനാണ്‌. അങ്ങയുടെ സിദ്ധാന്തത്തിന്‌ ജനങ്ങളെ വഴക്കിയെടുക്കേണ്ടതല്ലെ?

ശ്രീനാരാ : നാം ആദ്യകാലത്ത്‌ അവരെ വിളിച്ചു. വിളികേട്ട്‌ ആരും വന്നില്ല. വാഗ്‌ഭടാ : അദൈ്വത തത്ത്വവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മിലൊരു ബന്ധവുമില്ലാത്തതുകൊണ്ട്‌, ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിപൂര്‍വ്വം എതിര്‍ക്കുന്നവരാണ്‌. ശ്രീനാരാ : നല്ലാതാണല്ലോ. നാമും നിങ്ങളുടെ പക്ഷത്താണ്‌ (സംഭാഷണത്തിനുശേഷം വളരെ സന്തുഷ്ടരായാണ്‌ ഇരുവരും പിരിഞ്ഞത്‌).

മേല്‍കൊടുത്ത സംഭാഷണത്തില്‍ നിന്നും കലര്‍പ്പില്ലാത്തതും കറകളഞ്ഞതുമായ അദൈ്വത സിദാന്തം പ്രചരിപ്പിക്കുന്നതിലാണ്‌ വാഗ്‌ഭടാനന്ദഗുരു ശ്രദ്ധ കാണിച്ചിരുന്നതെന്ന്‌ മനസ്സിലാക്കാം.

നാരായണഗുരുവില്‍ നിന്നും വാഗ്‌ഭടാനന്ദഗുരുവിനെ തികച്ചും വ്യത്യസ്‌തനാക്കുന്ന ഘടകം നിര്‍ധനരും പീഡിതരുമായ കാര്‍ഷികമേഖലയിലെയും ഫാക്ടറി മേഖലയിലെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശാശ്വതമായ ക്ഷേമത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചുകൊണ്ടുള്ള ആത്മീയപ്രവണതയാണ്‌.

ഗുരുദേവന്റെ വിവാഹം

കോഴിക്കോട്‌ കാരപ്പറമ്പില്‍ കാളൂര്‍ തറവാട്ടില്‍ ഗൃഹനായിക മാണിക്കം അമ്മയായിരുന്നു ഗുരുദേവരെ ആദ്യമായി കോഴിക്കോട്ട്‌ സ്വീകരിച്ചത്‌. അവരുടെ പുത്രി വിദ്യാസമ്പന്നയായ കുഞ്ഞിക്കുട്ടൂലി അമ്മ എന്ന വാഗ്‌ദേവിയുമായുള്ള വിവാഹം ഈ സമയത്ത്‌ നടന്നു. (1922 വര്‍ഷത്തില്‍). വാഗ്‌ഭടാനന്ദന്റെ ശത്രുക്കള്‍ക്ക്‌ വാഗ്‌ഭടാനന്ദനെ ഒരുവിധത്തിലും അടിയറ പറയിക്കാന്‍ സാധിക്കില്ല എന്നുവന്നപ്പോള്‍ ഇവര്‍ തമ്മില്‍ പ്രേമബദ്ധരാണെന്ന്‌ പറഞ്ഞ്‌ ഗുരുദേവനെ അപമാനിക്കാമെന്ന്‌ കരുതി. അതിനുള്ള പ്രതിവിധിയായാണ്‌ ഗുരുദേവനും വാഗ്‌ദേവിയും തമ്മിലുള്ള വിവാഹം നടത്തിയത്‌. ഈ വിവാഹത്തിന്‌ മുന്‍കൈയെടുത്തത്‌ ഗുരുദേവന്റെ പിതാവ്‌ തന്നെയായിരുന്നു. ഈ ബന്ധത്തില്‍ ഗുരുദേവര്‍ക്ക്‌ ധര്‍മ്മാശോകന്‍, പ്രഭാകരന്‍, ഭാരതി, വി.എസ്‌.ഹര്‍ഷവര്‍ദ്ധനന്‍, ഉദയദേവന്‍ എന്നീ സന്തതികളുണ്ടായി. ഇതില്‍ ഭാരതി മാത്രം ഇന്ന്‌ ജീവിച്ചിരിപ്പുണ്ട്‌.

ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സംഘത്തിന്റെ പ്രവര്‍ത്തനം

പത്രപ്രവര്‍ത്തനത്തെ ധര്‍മ്മപ്രചാരണത്തിനുവേണ്ടി വിനിയോഗിച്ച പൈതൃകം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയത്‌ വാഗ്‌ഭടാനന്ദനാണ്‌. 1929-ല്‍ ആരംഭിച്ച ‘ആത്മവിദ്യാകാഹളം’ പത്രം, മതം, രാഷ്‌ട്രീയം, സാമൂഹികം, സാംസ്‌കാരികം, സാഹിത്യം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി. ദേശീയപ്രസ്ഥാനത്തോടുള്ള ദൃഢമായ ആഭിമുഖ്യവും പത്രം പ്രതിഫലിപ്പിച്ചിരുന്നു. ആത്മവിദ്യാസംഘം പ്രവര്‍ത്തകരായ ധാരാളം ചെറുപ്പക്കാര്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നു. 1932-ല്‍ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചപ്പോള്‍ ഗുരുദേവന്‍ അതിന്‌ നിരുപാധികം പിന്തുണ നല്‍കുകയുണ്ടായി.. സത്യാഗ്രഹത്തെ എതിര്‍ത്തു കേരളത്തിനകത്തും പുറത്തുമുള്ള യാഥാസ്ഥിതിക പണ്‌ഡിതന്മാരെ വെല്ലുവിളിച്ചുകൊണ്ട്‌ കേരളത്തിലങ്ങോളമിങ്ങോളം ഗുരുദേവര്‍ നടത്തിയ പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും പ്രസിദ്ധമായിരുന്നു. സനാതനികളെന്നു പറയുന്നവര്‍ ഇന്ത്യയിലെ സകല യാഥാസ്ഥിതിക പണ്‌ഡിതന്മാരെയും ഒന്നായണിനിരത്തിക്കൊള്ളട്ടെ. ഇന്നത്തെ അദ്ധ്യക്ഷന്‍ (വാഗ്‌ഭടാനന്ദന്‍) ഞങ്ങളുടെ മുമ്പിലുള്ളേടത്തോളം അവരെ യാതൊരു ഭയവുമില്ല  എന്നാണ്‌ ദിവംഗതനായ ശ്രീ.മന്നത്ത്‌ പത്മനാഭന്‍ ഇതോടനുബന്ധിച്ചു നടന്ന ഒരു മഹാസമ്മേളനത്തെ അഭിമുഖീകരിച്ചുകൊണ്ട്‌ പ്രഖ്യാപിച്ചത്‌.

സത്യാഗ്രഹവിരോധികളായ സവര്‍ണ്ണ പണ്‌ഡിത ന്മാരോട്‌ മഹാത്മാഗാന്ധി 10 ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. അതിന്‌ മറുപടിയെന്നോണം പുല്‍പ്പാക്കര ദാമോദരന്‍ നമ്പൂതിരി ഗാന്ധിജിയെ കഠിനമായെതിര്‍ത്തുകൊണ്ട്‌ എഴുതിയ ലേഖനത്തിന്നും; മഹാത്മജിയുടെ മതാധികാരത്തെ ചോദ്യംചെയ്‌തുകൊണ്ട്‌ യാഥാസ്ഥിതിക പത്രമായ ‘സനാതന ഹിന്ദു’എഴുതിയ മുഖപ്രസംഗത്തിന്നും ‘ആത്മവിദ്യാകാഹള’ത്തിലൂടെ ഗുരുദേവനാണ്‌ മറുപടി പറഞ്ഞത്‌. ഗാന്ധിജിയുടെ ദണ്‌ഡിയാത്രയും നിയമലംഘന പ്രസ്ഥാനവും ഗുരുദേവരെ ആവേശം കൊളളിച്ചു. നിയമലംഘനകാലത്ത്‌ ഗുരുദേവനെഴുതിയ ‘നിയമ പ്രധ്വംസകന്‍ ആര്‍’? എന്ന ലേഖനം ബ്രിട്ടീഷ്‌ ഭരണാധികാരികളെ ചൊടിപ്പിക്കുകയും ലേഖകന്‍ താക്കീതു ചെയ്യപ്പെടുകയും ഉണ്ടായി. ദേശീയ നേതാക്കളെ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ ഗുരുദേവന്‍ ലേഖനങ്ങളെഴുതി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു : നിങ്ങളുള്ളപ്പോഴും, അധര്‍മ്മമുള്ളപ്പോഴും അടങ്ങിയിരിക്കരുത്‌; ആന്തം പൊരുതുക. വാഗ്‌ഭടാനന്ദന്റെ പരിഷ്‌കരണ പ്രസ്ഥാനമായ ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനഫലം കൂടിയാണ്‌ പില്‌ക്കാലത്ത്‌ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ തഴച്ചുവളരാനുള്ള മണ്ണ്‌ പാകപ്പെടുത്തിക്കൊടുത്തത്‌. ഈ ചരിത്രസത്യം വിസ്‌മരിക്കുമ്പോള്‍ നമുക്ക്‌ ചുവട്‌ പിഴച്ചേക്കാം.

തൊഴിലാളിസ്‌നേഹിയും ട്രെയിഡ്‌ യൂനിയന്‍ പ്രവര്‍ത്തകനുമായ വാഗ്‌ഭടാനന്ദന്‍

കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉറ്റബന്ധുവായിരുന്നു വാഗ്‌ഭടാനന്ദന്‍. തൊഴിലാളികളെ അടിമകളാക്കി ചൂഷണം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥിതിക്കെതിരേയും അതിന്‌ ബലം പകരുന്ന ഭരണാധികാരികളുടെ നയത്തിനെതിരേയും അദ്ദേഹം സന്ധിയില്ലാസമരം തന്നെ ചെയ്‌തിരുന്നു. കോഴിക്കോട്ടെ ഫറോക്ക്‌ ഓട്‌ കമ്പനിയിലെ അധ:കൃതനായൊരു തൊഴിലാളിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ (1936-ല്‍) പ്രതിഷേധിച്ചു കമ്മ്യൂണിസ്റ്റ്‌ നേതാവായ കെ.പി.ഗോപാലന്‍ നടത്തിയ പത്തു ദിവസം നീണ്ടുനിന്ന നിരാഹാര സത്യാഗ്രഹത്തിന്ന്‌ വാഗ്‌ഭടാനന്ദന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. ഫറോക്ക്‌ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച ആ നിരാഹാര സത്യാഗ്രഹത്തോടനുബന്ധിച്ച്‌ അദ്ദേഹം ശക്തമായ ഭാഷയില്‍ മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും വിമര്‍ശിച്ചുകൊണ്ട്‌ സമരപ്പന്തലില്‍ വച്ച്‌ പ്രസംഗിക്കുക യുണ്ടായി. വാഗ്‌ഭടാനന്ദന്‍ നല്‍കിയ നാരങ്ങാനീര്‌ കഴിച്ചാണ്‌ കെ.പി.ഗോപാലന്‍ തന്റെ ഉപവാസം അവസാനിപ്പിച്ചത്‌.

1935-ല്‍ കരിവള്ളൂരില്‍ എ.വി.കുഞ്ഞമ്പു രൂപവല്‍ക്കരിച്ച ‘അഭിനവ ഭാരത യുവസംഘം’ എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷവേദിയിലും വാഗ്‌ഭടാനന്ദന്‍ ഉണ്ടായിരുന്നു. കോഴിക്കോട്‌ കോമണ്‍ വെല്‍ത്ത്‌ കമ്പനിയിലെ ഒരു തൊഴിലാളിയെ യൂറോപ്യനായ മേലധികാരി മര്‍ദ്ദിച്ചവശനാക്കിയപ്പോഴും (1932-ല്‍) വാഗ്‌ഭടാനന്ദന്‍ പ്രതിഷേധിച്ചിട്ടുണ്ട്‌. മറ്റു പത്രങ്ങള്‍ ഈ സംഭവത്തിനെതിരേ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും വാഗ്‌ഭടാനന്ദന്റെ പത്രമായ ‘ആത്മവിദ്യാകാഹള’ത്തില്‍ തൊഴിലാളികളുടെ ദുരവസ്ഥ എന്നൊരു ലേഖനമെഴുതി. സഹോദരസ്‌നേഹമില്ലെങ്കിലും സമസൃഷ്‌ടി സ്‌നേഹം പോലുമില്ലാത്ത രാക്ഷസപ്രഭൃതികളുടെ ദുഷ്‌ട പ്രവൃത്തിയായി അദ്ദേഹം പ്രസ്‌തുത സംഭവത്തെ വിലയിരുത്തി. പ്രാണവേദനയില്‍ പിടഞ്ഞുനിലവിളിക്കുന്ന ദരിദ്രലക്ഷങ്ങളുടെ അസ്ഥിപഞ്‌ജരങ്ങളിന്‍ മേല്‍ കെട്ടിപ്പടുക്കപ്പെട്ട മണിമാളികകളില്‍ തൊഴിലാളികളുടെ ഉണക്കഞരമ്പുകളും തോലുകളുമാകുന്ന ഹംസത്തൂലികാമെത്തകളില്‍ തൊഴിലാളികളുടെ ജീവരക്തം കുടിച്ചും ജീവവായു ശ്വസിച്ചും സുഖിക്കുന്ന വൈശ്രവണന്മാര്‍ ആ ദയനീയത കാണുന്നുണ്ടോ എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌. ഈ രണ്ട്‌ സംഭവങ്ങളും മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ക്രൂരവും ഹീനവുമായ നിഷേധമെന്ന നിലയിലാണ്‌ വാഗ്‌ഭടാനന്ദന്‍ ദര്‍ശിച്ചത്‌.